തിരുവനന്തപുരം: ഒരു മാറ്റത്തിനും വിധേയരാകാത്ത, മാറാൻ തയ്യാറല്ലെന്ന് ശഠിക്കുന്ന, ഒരു ചെറിയ വിഭാഗം ഇപ്പോഴും സംസ്ഥാന പൊലീസ് സേനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ കണ്ടെത്തി പടിപടിയായി സേനയിൽ നിന്നും ഒഴിവാക്കി വരികയാണ്. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 108 ഉദ്യോഗസ്ഥരെ സേവനത്തിൽ നിന്നും പുറത്താക്കി. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളാവുമ്പോൾ സേനയുടെ വിശ്വാസ്യത തന്നെയാണ് കളങ്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതു തന്നെയാണ് ഈ സർക്കാരിന്റെ നയം. ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും ജനോന്മുഖമായ മാറ്റമുണ്ടായിട്ടുണ്ട്. മാറ്റത്തിനു വിധേയരാകാത്തവരെ കണ്ടെത്തി പടിപടിയായി സേനയിൽ നിന്ന് ഒഴിവാക്കി വരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആരുമായാണു ചങ്ങാത്തം കൂടേണ്ടത് എന്നതുപോലും പ്രധാനമാണ്. ആരു വിളിച്ചാലും പോകുക, അവർക്കൊപ്പം ഫോട്ടോയെടുക്കുക, വിരുന്നുകളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസിനെ പ്രഫഷനൽ സേനയായി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊലീസ് സ്റ്റേഷനുകളിലെത്താതെ പൊതുജനങ്ങൾക്ക് ഫലപ്രദമായ സേവനം നൽകുന്നതിനായി ആരംഭിച്ച തുണ, പോൽ-ആപ്പ് എന്നിവ മികച്ച നിലയിൽ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

