നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പേരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കും; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പേരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്്. ഇക്കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

പുന:പരീക്ഷ നടക്കുക ജൂൺ 23നാണ്. നീറ്റ് യുജി പരീക്ഷ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്രേസ് മാർക്ക് വിവാദം ഉണ്ടായത്. .ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാം റാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാനയിലെ ഒരു സെന്ററിൽ നിന്നു മാത്രം ആറു പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി ആരോപണമുയർന്നിരുന്നു.

2020-ൽ രണ്ടുപേർക്കും 2021-ൽ മൂന്നുപേർക്കും 2023-ൽ രണ്ടുപേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022-ൽ നാലുപേർ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോർ. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോർ വളരെ ഉയർന്നതാണ്.

ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ.ടി.എ ചെയർമാൻ സുബോദ് കുമാർ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നൽകി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാൻ കാരണം.