എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കും; സുരേഷ് ഗോപി

ന്യൂഡൽഹി: എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതൊക്കെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് അദ്ദേഹം മറുപടി നൽകി.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ല. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലയാണ് നിലവിൽ സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാൽ എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിനായി പ്രദേശവാസികൾ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.