പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ജലത്തിലെ ഓക്സിജൻ കുറവുമൂലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയാറിൽ ഏലൂർ ഫെറി ഭാഗത്ത് കഴിഞ്ഞ മാസം മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ പ്രകാരം 13 കോടി 56 ലക്ഷം രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ഓക്‌സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവിൽ ഒഴുകിയെത്തിയതു കൊണ്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളിൽനിന്നു രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി ജെ വിനോദിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മെയ് 20 ന് പെരിയാറിൽ ഏലൂർ ഫെറി ഭാഗത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർവയലൻസ് സംഘം പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിൾ പരിശോധിച്ചതിൽ ഡിസോൾവ്ഡ് ഓക്‌സിജന്റെ അളവ് മത്സ്യങ്ങൾക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. മഴ ശക്തിപ്പെട്ടതിനെ തുടർന്ന് പാതാളം റെഗുലേറ്റർ- കം- ബ്രിജിന്റെ ഷട്ടർ തുറന്നപ്പോൾ റെഗുലേറ്ററിന് മുകൾ വശത്തുനിന്ന് ഓക്‌സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവിൽ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പെരിയാറിന്റെ തീരത്തു നിന്നുള്ള ഫാക്ടറികളിൽ നിന്നു രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. പാഴ്ജലം ശുദ്ധീകരണത്തിനുശേഷം പെരിയാർ നദിയിലേക്ക് പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായ ശാലകളിൽ നിന്നു മലിനജലം പുറന്തള്ളുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഏലൂർ, എടയാർ ഭാഗത്തുള്ള വ്യവസായ ശാലകളിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു.

മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷൻ സ്റ്റഡീസിന്റെ റിപ്പോർട്ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോർഡ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. പ്രാഥമിക വിവരങ്ങൾ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ട്. മത്സ്യകൃഷിക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.