മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മലയാള സൂപ്പർ താരം മോഹൻലാലിന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോഹൻലാലിനെ ക്ഷണിച്ചത് നരേന്ദ്ര മോദി നേരിട്ടാണെന്നാണ് വിവരം. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചെന്നാണെന്നാണ് സൂചന. വ്യക്തിപരമായ ചില അസൗകര്യം കാരണം എത്താൻ കഴിയില്ലെന്ന് മോഹൻലാൽ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്ന് വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്‌സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, ‘വികസിത് ഭാരത്’ അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.