തിരുവനന്തപുരം: താൻ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂർ പറഞ്ഞു.
വാക്കാലോ രേഖാമൂലമോ ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ശശി തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയെന്നായിരുന്നു വാർത്തകൾ.
ബൂത്ത് ലെവൽ ഡാറ്റ പഠിച്ച് വോട്ടിന്റെ നേട്ടവും നഷ്ടവും സംബന്ധിച്ചും, കോട്ടങ്ങൾ അടുത്ത തെരഞ്ഞെടുപ്പുകളിൽ മറി കടക്കാനുള്ള തിരുത്തൽ നടപടികളെക്കുറിച്ചും റിപ്പോർട്ട് നൽകുവാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ, അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ച്, ഒരു അന്വേഷണത്തിന്റെ ആവശ്യകത തീർച്ചയായും പരിഗണിക്കപ്പെടും. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഇത് പാർട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.

