ഇടുക്കി: വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികക്ക് അരലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ ഇടപെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ ആണ് ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്ക് കെഎസ്ഇബി നൽകിയത്. നേരത്തെ പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് കെഎസ്ഇബി അന്നമ്മയ്ക്ക് 49,710 രൂപയുടെ ബില്ല് നൽകി. ബിൽ തുക കണ്ട് ഞെട്ടിയ അന്നമ്മ പീരുമേട് സെക്ഷൻ ഓഫീസിലെത്തി പരാതി നൽകി. പക്ഷേ ഇവർ ഇത് പരിഹരിക്കാൻ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ പറയുന്നു.
തുക അടക്കാൻ നിർവാഹമില്ലാത്തതിനാൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം തെളിയിച്ചാണ് ഇപ്പോൾ അന്നമ്മ കഴിയുന്നത്. ഭർത്താവ് മരണപ്പെട്ട അന്നമ്മ വർഷങ്ങളായി കൂലിപ്പണിയെടുത്താണ് കഴിയുന്നത്. മീറ്റർ റീഡിംഗ് എടക്കുന്നതിൽ വന്ന അനാസ്ഥയാണ് ഭീമമായ ബിൽ വരാൻ കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

