സർക്കാർ രൂപീകരണം; ബിജെപിക്ക് മുന്നിൽ ചില ഉപാധികൾ മുന്നോട്ടുവെച്ച് ജെഡിയു

പാറ്റ്‌ന: ഇത്തവണ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെയാണ് കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്താൻ പോകുന്നത്. ഇത്തരത്തിൽ പിന്തുണ നൽകുന്നതിനായി ബിജെപിക്ക് മുന്നിൽ ചില ഉപാധികൾ നിതീഷ് കുമാർ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിലായിരുന്നു ഉപാധികളെ കുറിച്ച് ചർച്ച ചെയ്തതെന്നാണ് വിവരം.

നിതീഷ് കുമാർ മൂന്ന് കാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു ഡിമാന്റും ജെഡിയുവിനുണ്ട്. കേന്ദ്ര സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച് കൊണ്ടുവന്ന അഗ്നിവീറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജെഡിയു മുന്നോട്ടുവെച്ചതായാണ് സൂചന.

സായുധ സേനയുടെ റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീർ പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നാണ് ജെഡിയു വിലയിരുത്തുന്നത്. അഗ്നിവീർ പദ്ധതിയ്ക്ക് കഴിൽ യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു. ഇതിനുശേഷം, 25 ശതമാനം അഗ്നിവീറുകളെ മാത്രമേ നിലനിർത്തൂ, ബാക്കിയുള്ളവരെ ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടും. അഗ്‌നിവീർ പദ്ധതിയിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നാണ് ജെഡിയു വക്താവ് കെസി ത്യാഗി അറിയിച്ചത്.

പൊതുസമൂഹം ചോദ്യം ചെയ്ത ആ പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് തങ്ങളുടെ പാർട്ടിയുടെ ആവശ്യം. ജെഡിയു പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രി എന്ന നിലയിലും നിതീഷ് കുമാർ ലോ കമ്മീഷൻ മേധാവിക്ക് കത്തെഴുതിയിരുന്നു. തങ്ങൾ പദ്ധതിക്ക് എതിരല്ല, എന്നാൽ ചില മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.