തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. തൃശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ മാത്രം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആലത്തൂരിലെയും തൃശൂരിലെയും പരാജയ കാരണം അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ചയൊന്നും തീരുമാനിച്ചിട്ടില്ല. മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിലും തടസമില്ല, എവിടെ മത്സരിപ്പിക്കാനും യോഗ്യനായ മനുഷ്യനാണ് കെ മുരളീധരൻ. അതിനുവേണ്ടി ആദ്യം രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണം. വേണമെങ്കിൽ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകും. കെ മുരളീധരൻ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കാൻ കഴിവുള്ള നേതാവാണ്. ഏത് ചുമതല നൽകിയാലും നല്ല രീതിയാൽ പ്രവർത്തിക്കാൻ കഴിവുള്ള നേതാവാണ് അദ്ദേഹം. അതിലൊന്നും യാതൊരുവിധ തർക്കവുമില്ല. മുൻപ് കെപിസിസി പ്രസിഡന്റ് ആയിരുന്ന ആളല്ലേയെന്നും സുധാകരൻ പറയുന്നു.
രമ്യ ഹരിദാസിന്റെയും കെ മുരളീധരന്റെയും പരാജയത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനോട് സഹകരിച്ച് മതിയായ തെളിവുകളും നൽകണം. അതിനനുസരിച്ച് തീരുമാനവും ആ തീരുമാനത്തിന്റെ പുറത്ത് നടപടിയും സ്വീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

