എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിന് ജാമ്യം

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായാണ് സ്വപ്‌നാ സുരേഷ് കേസിൽ ജാമ്യം എടുത്തത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള ജാമ്യം എടുത്തിരുന്നു. ഇനി ജൂൺ 25ന് കേസ് കോടതി പരിഗണിക്കും.

വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം സ്വപ്‌ന ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങാനാണ് എം വി ഗോവിന്ദൻ പണം വാഗ്ദാനം ചെയ്തതെന്നാണ് സ്വപ്‌ന ഉന്നയിച്ചിരുന്ന ആരോപണം. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്.

എം വി ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ പ്രതികരണം. 30 കോടി രൂപയുടെ മാനനഷ്ടത്തിന് ക്രിമിനൽ കേസ് നൽകിയ എം.വി. ഗോവിന്ദൻ ചുണയുണ്ടെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സിവിൽ കേസ് നൽകട്ടെയെന്നായിരുന്നു സ്വപ്നക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എറണാകുളം സ്വദേശി കൃഷ്ണരാജ് അറിയിച്ചത്.