മലപ്പുറം: മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് സംഭവം. മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാൻ ആണ് മറിഞ്ഞത്.
രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുകയായിരുന്നു വാൻ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. റോഡ് കുറച്ച് വീതി കുറവുള്ളയിടമാണെന്നും ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടം കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ വേഗത്തിൽ കുട്ടികളെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു.

