ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു; വെന്തുരുകി ജനങ്ങൾ

hot

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. അതിതീവ്ര ചൂടാണ് ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രണ്ട് സ്ഥലങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മുങ്കേഷ്പൂരിലും നരേലയിലും താപനില 49.9 ഡിഗ്രി സെൽഷ്യസിലെത്തി. നജഫ്ഗഡിൽ 49.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

രാജസ്ഥാനിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിൽ ചുരുവിൽ 50.5 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സാധാരണയിൽ നിന്ന് 7.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ഹരിയാനയിലെ സിർസയിൽ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറിൽ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്. 49.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില.

ഉത്തർപ്രദേശിലെ ഝാൻസിയിൽ 49.0 ഡിഗ്രിയും പ്രയാഗ്രാജിൽ 48.2 ഡിഗ്രിയും കാൻപുരിൽ 47.6 ഡിഗ്രിയും വാരണസിയിൽ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. 48 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് മധ്യപ്രദേശിലെ നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളിലെ താപനിലയെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അടുത്ത നാല് ദിവസങ്ങളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.