തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. കമ്പനിയ്ക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികൾ എത്തിയെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകുകയും ചെയ്തിട്ടുണ്ട്. എസ്എൻസി ലാവ്ലിൻ, പിഡബ്ള്യുസി അടക്കമുള്ള കമ്പനികൾ എക്സാലോജിക്കിന് പണം നൽകിയെന്നും ഷോൺ വ്യക്തമാക്കുന്നു.
അതേസമയം, സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നാണ് ഷോൺ ജോർജ് അറിയിച്ചിരിക്കുന്നത്.
ഷോൺ ജോർജ് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്സാലോജിക്കിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പി വി പിണറായി വിജയനാണെന്നും ഷോൺ ആരോപിച്ചിരുന്നു.

