തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിൽ 9 റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) രൂപീകരിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഇതിന്റെ നടത്തിപ്പിനായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ 9 തസ്തികകൾ വീതം സൃഷ്ടിക്കുന്നതിനും അനുമതി നൽകി.
തിരുവനന്തപുരം ഡിവിഷനിൽ പാലോട്, പുനലൂർ ഡിവിഷനിൽ തെന്മല, കോട്ടയം ഡിവിഷനിൽ വണ്ടൻപതാൽ, മാങ്കുളം ഡിവിഷനിൽ കടലാർ, കോതമംഗലം ഡിവിഷനിൽ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, നെന്മാറ ഡിവിഷനിൽ കൊല്ലങ്കോട്, നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുവാരക്കുണ്ട്, നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആർആർടികൾ.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
തുടർച്ചാനുമതി
റവന്യു വകുപ്പിന് കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ തുടർച്ചാനുമതിയിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് 01.01.2024 മുതൽ 31.12.2024 വരെ തുടർച്ചാനുമതി നൽകും.
റ്റി എ ഷാജി സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ
പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായ റ്റി എ. ഷാജിയെ കേരള ഹൈക്കോടതിയിൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കും. 02.06.2024 മുതൽ 3 വർഷത്തേക്കാണ് നിയമനം.

