രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ഉത്തര കൊറിയ; ലോഞ്ച് വിൻഡോ പ്രവർത്തനമാരംഭിച്ചു

സോൾ: ഉത്തര കൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കും. അടുത്ത മാസം നാലാം തീയതിയായിരിക്കും വിക്ഷേപണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം ആരംഭിച്ചതായി ജപ്പാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോണിനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകട മേഖലയായി ഉത്തര കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തമ്മിൽ ധാരണയായി.

ആദ്യ ചാര ഉപഗ്രഹം 2023 നവംബറിലാണ് ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചത്. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.