വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളർ; നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിപണി

മുംബൈ: നിർണായക നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിപണി. മൊത്തം വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറെന്ന (5 ട്രില്യൺ) നാഴികക്കല്ല് ഇന്ത്യൻ വിപണി പിന്നിട്ടു. ആറ് മാസത്തിനിടെ വിപണി മൂല്യത്തിന്റെ വർദ്ധന ഒരു ലക്ഷം കോടി ഡോളറാണ്.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിനിടെയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്നലെ വ്യാപാരത്തിനിടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 414.75 ലക്ഷം കോടി രൂപ കടന്നിരുന്നു. ഇതോടെ വിപണി പുതിയ നേട്ടത്തിലെത്തിയത്.

ചൊവ്വാഴ്ച മൊത്തം വിപണി മൂല്യത്തിൽ രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്ത് വർദ്ധന രേഖപ്പെടുത്തി. 2023 നവംബർ 29-നാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം നാല് ലക്ഷം കോടി ഡോളർ പിന്നിട്ടത്. 2024 മേയം 21-ന് ഇത് അഞ്ച് ലക്ഷം കോടി ഡോളറിലെത്തുകയും ചെയ്തു. ആറ് മാസത്തിനിടെ വിപണിമൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണി മൂല്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.