തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്ന അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, മെയ് 22 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ് 22 മുതൽ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യുനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായും (Depression) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.

മഴയും കാറ്റുമുള്ളപ്പോൾ വിനോദ സഞ്ചാര വകുപ്പിനും DTPC കൾക്കുമുള്ള പ്രത്യേക നിർദേശം

കേരളത്തിൽ റെഡ് അലെർട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ചു താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു.

റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.

ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം.
ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24*7 പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കുക.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം നടത്തുക. പോലീസ്, ദുരന്ത നിവാരണം, അഗ്‌നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കേണ്ടതാണ്.