ന്യൂഡൽഹി: ബിജെപി – കോൺഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്നാണ് നിർദ്ദേശം. താര പ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദ്ദേശം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നൽകണമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപിക്ക് ഉത്തരവാദിത്തം കൂടുതൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നു. പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിനില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് അധ്യക്ഷനോട് കമ്മീഷൻ അറിയിച്ചത്.

