കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചുവയസ്സുകാരി മരണപ്പെട്ടു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്ന ദമ്പതികളുടെ മകൾ ഫദ്വയാണ് മരിച്ചത്. മെയ് 13 മുതൽ ഫദ്വ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കുട്ടി 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു. കടവത്ത് ജുമാ മസ്ജിദിൽ ഇന്ന് കുട്ടിയുടെ കബറടക്കം നടത്തും. അതേസമയം, സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് വ്യക്തമാക്കി.

