സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് സിപിഎം; വെളിപ്പടുത്തലുമായി ജോൺ മുണ്ടക്കയം

തിരുവനന്തപുരം: സോളാർ സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ നിർദേശാനുസരണം മാദ്ധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക മലയാളം എന്ന മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചത്. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്ന് തിരിച്ചുചോദിച്ചു. മുകളിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോൾ എന്ന് മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നും ബ്രിട്ടാസ് ചോദിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് ഉമ്മൻചാണ്ടിയെ വിളിച്ചു. ഒത്തുതീർപ്പ് ഫോർമുല യുഡിഎഫ് അംഗീകരിക്കുകയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിക്കുകയും ചെയ്തു. എൻ കെ പ്രമേചന്ദ്രനാണ് ഇടതുപ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്തത്. കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

തുടർന്ന് ധാരണാപ്രകാരമാണ് ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ചത്. പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം എന്നാൽ തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കോ സമരത്തിനെത്തിയ പ്രവർത്തകർക്കോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നെന്നും ജോൺ മുണ്ടക്കയം കൂട്ടിച്ചേർത്തു.