ഹെപ്പറ്റൈറ്റിസ്; ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് ഡിഎംഒ

മലപ്പുറം: മലപ്പുറം ജില്ലയിൽ ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രേണുക വ്യക്തമാക്കി.

ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണം. ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ മാസങ്ങളെ അപേക്ഷിച്ചു വ്യാപനം കുറഞ്ഞു. എന്നാലും ജില്ലയിലെ നിരീക്ഷണം ശക്തമാക്കുമെന്ന് ഡിഎംഒ അറിയിച്ചു.

ജല സ്രോതസ്സുകളിൽ ക്ലോറിനേഷൻ ഊർജ്ജിതമാക്കും. ജില്ലയിൽ ഇപ്പോൾ 600 ഓളം ആക്റ്റീവ് കേസുകളാണുള്ളതെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛർദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടേണ്ടതാണ്. അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.