അമേരിക്കൻ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്; അക്രമം അഴിച്ചുവിടാൻ അധികാരമില്ലെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രയേലിനെതിരെയുള്ള സമരം അമേരിക്കൻ ക്യാമ്പസുകളിൽ രൂക്ഷമായിരിക്കുകയാണ്. പലസ്തീൻ അനുകൂല സമരമെന്ന രീതിയിൽ ആരംഭിച്ച സമരം ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നത്. യു.എസിലെ കാമ്പസുകളിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

അമേരിക്കൻ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അക്രമം അഴിച്ചുവിടാൻ അധികാരമില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന് ആവശ്യമാണ്. എന്നാൽ, അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. സ്വത്തുക്കൾ നശിപ്പിക്കുന്നത് സമാധാനപരമായ ഒരു പ്രതിഷേധമല്ല. അത് നിയമത്തിന് എതിരാണ്. വസ്തുക്കൾ നശിപ്പിക്കൾ, അതിക്രമിച്ച് കയറൽ, ക്ലാസുകൾ തടസ്സപ്പെടുത്തൽ ഇതൊന്നും സമാധാനപരമായ പ്രതിഷേധമല്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു എസ്. പക്ഷേ നിയമവ്യവസ്ഥ പാലിക്കപ്പെടണം. വിയോജിപ്പുകൾ ജനാധിപത്യത്തിൽ വേണം. എന്നാൽ, അത് മൂലം മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. പ്രതിഷേധങ്ങൾ യു.എസിന്റെ മിഡിൽ ഈസ്റ്റ് നയത്തെ സ്വാധീനിക്കില്ല. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവല്ലെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.