പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. 14 ഭാഗങ്ങളാണ് പ്രകടന പത്രികയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടന പത്രിക പുറത്തിറക്കിയത് ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു. രാജ്യത്ത് കൂടുതൽ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും. ഇന്ത്യയെ രാജ്യന്തര നിർമ്മാണ ഹബ്ബാക്കും. ബിജെപി ആസ്ഥാനത്ത് യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് പ്രധാനമന്ത്രി കൈമാറി.

ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും, വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിന്റെ സാധ്യത പഠനം നടത്തും, 6ജി സാങ്കേതിക വിദ്യ പ്രഖ്യാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നു.