റംസാൻ-വിഷു ചന്ത; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: റംസാൻ-വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി. കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്. വ്യാഴാഴ്ച മറുപടി സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഹർജി പരിഗണിച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ്.

ചന്തകളുടെ പ്രവർത്തനം വോട്ടർമാരെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി വിധിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങൾ. അഞ്ഞൂറ് കോടിയിലധികം അഡ്വാൻസ് നൽകിയുള്ള ചന്തകൾ വിഷു വരെ ആണ് പ്രവർത്തിക്കുന്നത്. ഇത് ഏപ്രിൽ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റംസാൻ വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചത്. ഈ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.