പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ തുറന്നെതിർക്കേണ്ടതുണ്ട്; ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ വ്യക്തമാക്കുന്നു.

വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.