തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പരാതി. ഏപ്രിൽ അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും ഇക്കാര്യം വ്യക്തമാക്കി റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

