ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് കോടതി പറഞ്ഞു.
കെജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കെജ്രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തമെന്നും ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കെജ്രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലാണെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

