കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘനത്തിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ ചോദ്യംചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഇഡി ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. തോമസ് ഐസക്കിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ രേഖാമൂലമോ വിശദീകരണം തേടുന്ന കാര്യം ഇഡിക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് ടി ആർ രവി വാക്കാൽ അറിയിച്ചു. തോമസ് ഐസകിന്റെ ഹർജിയിൽ മെയ് 22ന് വാദം തുടരും.
മസാലബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയത്.

