49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി ശശി തരൂർ

തിരുവനന്തപുരം: തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ശശി തരൂർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. 19 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ ബോണ്ടുകൾ, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയിലെ നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്നാണ് ശശി തരൂർ സത്യവാങ്മൂലത്തിൽ പറയുന്നത്.

തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും ഉൾപ്പെടുന്നു. പണമായി 36,000 രൂപയാണ് ശശി തരൂരിന്റെ കൈവശമുള്ളത്. 2023 സാമ്പത്തിക വർഷത്തിൽ തരൂരിന്റെ ആകെ വരുമാനം 4.32 കോടി രൂപയായിരുന്നു. മാരുതി സിയാസും ഒരു മാരുതി XL6ഉം ഉൾപ്പെടെ രണ്ട് കാറുകളാണ് അദ്ദേഹത്തിനുള്ളത്. തിരുവനന്തപുരത്ത് 10.47 ഏക്കർ ഭൂമി 6.20 കോടി രൂപയും പാലക്കാട്ടെ 1.56 ലക്ഷം രൂപ വിലമതിക്കുന്ന 2.51 ഏക്കർ കൃഷിഭൂമിയുടെ നാലിലൊന്ന് ഓഹരിയും ഉൾപ്പെടെ 6.75 കോടിയിലേറെയാണ് അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഏകദേശം 52 ലക്ഷം രൂപ വിലമതിക്കുന്നതാണ് സംസ്ഥാന തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതി. ഇന്ത്യക്ക് പുറത്ത് ശശി തരൂരിന് 16 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 5.11 ലക്ഷത്തിന്റെ ബിറ്റ് കോയിൻ ഇ ടി എഫ് നിക്ഷേപവുമുണ്ട്. യു എസ് ട്രഷറി സെക്യൂരിറ്റിയിൽ 2 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2014 ൽ 23 കോടിയായിരുന്ന സ്വത്ത് ഇപ്പോൾ 55 കോടിയായെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുണ്ട്.