പുക പരിശോധന; കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗണേഷ്‌കുമാർ

തിരുവനന്തപുരം: പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. കേന്ദ്ര സർക്കാറിന്റെ സോഫ്റ്റ് വെയറായതിനാൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ല.

പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് വകുപ്പിൽ ലഭിച്ചത്. ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരിശോധന കൃത്യമാണെങ്കിൽ മാത്രമേ ഫലം അനുകൂലമാകൂവെന്നും ഉദ്യേ?ഗസ്ഥർ കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

പുക പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്നാണ് നരവധി പേർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാർച്ച് 17 മുതൽ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചതെന്നും 8.85 ശതമാനം പരാജയപ്പെട്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.