മനുഷ്യത്വത്തിന്റെ ഭാഗമായാണ് ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയത്; മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കൾ മരിച്ചയാളുടെ വീട്ടിൽ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച വീടുകളിൽ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അർഥം അവർ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. ബോംബ് നിർമാണവും മറ്റും അംഗീകരിക്കാനാകില്ല. നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങൾ കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺഗ്രസും ബിജെപിയും കാണുന്നത്. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയർന്നു വന്നിരിക്കുകയാന്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വികസനത്തിന്റെയും പര്യായമായി കിഫ്ബിയെ മാറ്റാനാണ് കഴിഞ്ഞത്. ഇപ്പോൾ കിഫ്ബിയുടെ പേരിലാണ് സർക്കാരിന് മുകളിൽ ചിലർ പുറപ്പെടുന്നത്. വേറെ ചിലർ ഇഡി, ഇൻകം ടാക്സ്, സിഎജി തുടങ്ങി പല റഡാറും കിഫ്ബിയിലേക്ക് തിരിച്ചുവച്ചിരിക്കുകയാണ്. പക്ഷെ എത്ര തപ്പിയിട്ടും ഒന്നുംകിട്ടുന്നില്ല എന്നുമാത്രം. കിഫ്ബി എന്നത് കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിലുള്ള ഒരു സംവിധാനമാണ്. കിഫ്ബി അതിനെ എൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി തുടങ്ങിയപ്പോൾ പലർക്കും അസ്വസ്ഥത തുടങ്ങി. സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്‌കൂളുകളും ആശുപത്രികളും ഒക്കെ ലോകനിലവാരത്തിലേക്കുയർന്നപ്പോൾ ചിലർക്ക് ഇരിക്കപ്പൊറുതിയില്ലാതായി. വികസനപ്രവർത്തനങ്ങൾക്ക് ഭരണപക്ഷ പ്രതിപക്ഷ ഭേദം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ വികസന പദ്ധതികൾ ഇല്ലാത്ത ഏതെങ്കിലും നിയമസഭ മണ്ഡലം ഉണ്ടോ. ആ പ്രവർത്തനങ്ങളെ സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നത് നാട് കണ്ടതാണല്ലോ. റോഡ്, പാലങ്ങൾ, മലയോര തീരദേശ ഹൈവേകൾ, ജലവിതരണ പദ്ധതികൾ തുടങ്ങി സമാനകളില്ലാത്ത വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നടന്നു. ഇപ്പോൾ പല ഏജൻസികളെയും ഇറക്കി വിരട്ടാനാണ് നോക്കുന്നത്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പരത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ. പക്ഷേ ഇത്തരം പ്രവർത്തികൾക്ക് പ്രതിപക്ഷം വലിയതോതിൽ കേന്ദ്ര ഏജൻസികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റു കൊടുക്കലാണ്. എൺപതിനായിരം കോടിയിലേറെ മൂല്യം വരുന്ന ആയിരത്തിലേറെ പദ്ധതികൾ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാവുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.