സ്വത്തു വിവരങ്ങളായി മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഇടതുമുന്നണി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്തു വിവരങ്ങളായി മറച്ചുവെച്ചതായി ആരോപിച്ചാണ് പരാതി. രാജീവിന്റെ പ്രധാന കമ്പനിയായ ജൂപ്പിറ്റർ ക്യാപിറ്റലിനെ കുറിച്ചുള്ള വിവരങ്ങൾ പോലും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതിയിലെ ആരോപണം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്‌ ആണ് പരാതി നൽകിയിരിക്കുന്നത്. 29 ഓടി ഒമ്പത് ലക്ഷം രൂപയുടെ സ്വത്ത് തനിക്ക് ഉണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക യോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. 30 വർഷം മുമ്പ് പതിനായിരം രൂപയ്ക്ക് വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്കോഡ് ബൈക്കാണ് വാഹനമായി ആകെയുള്ളതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം തെറ്റാണെന്നാണ് എൽഡിഎഫ് പരാതിപ്പെടുന്നത്. തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നാമനിർദ്ദേശ പത്രിക തള്ളണമെന്ന ആവശ്യവും എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നു. മഹിളാ കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകയുമായ അവനി ബൻസാലും നേരത്തെ സമാനമായ പരാതി രാജീവ് ചന്ദ്രശേഖരനെതിരെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവ് ചന്ദ്രശേഖരന്റെ പത്രിക ഭരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ച് പരാതി പരാജയഭീതി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു