ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും എൻസിഇആർടിയുടെ 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കി. പാഠപുസ്തകത്തിലെ പുതിയ മാറ്റം രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ്.
2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠഭാഗത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എട്ടാമത്തെ അധ്യായത്തിലാണ് ഈ ഭാഗം ഉണ്ടായിരുന്നത്.
പഴയ പാഠപുസ്തകത്തിൽ അയോധ്യ വിവാദത്തെ കുറിച്ച് നാലു പേജ് നീണ്ട ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1986-ൽ മന്ദിരം തുറന്നു കൊടുത്തത്, ഇരുഭാഗത്തും ഉണ്ടായ ശാക്തീകരണം, പള്ളിയുടെ തകർച്ച, രാഷ്ട്രപതി ഭരണം, മതേതരത്വത്തിനു ഭീഷണിയായ വർഗീയ സംഘർഷം എന്നിവയെ കുറിച്ചുള്ള വിവരണങ്ങളാണ് ഇവ. അയോധ്യയിലെ രാമജന്മഭൂമി സംബന്ധിച്ച നൂറ്റാണ്ടുകൾ നീണ്ട നിയമപരവും രാഷ്ട്രീയപരവുമായ തർക്കം ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചു തുടങ്ങുകയും പലവിധത്തിലുള്ള രാഷ്ട്രീയപരിണാമങ്ങൾക്കു രൂപം നൽകുകയും ചെയ്തു. ജനാധിപത്യത്തെയും മതേതരത്വത്തെയും മാറ്റിമറിക്കുന്ന രീതിയിൽ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം മുൻനിരയിലേക്കു കടന്നുവന്നു. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ തീരുമാനത്തോടെ(2019 നവംബർ 9-ന്) ഈ മാറ്റങ്ങൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലേക്കും നയിച്ചുവെന്ന് പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

