മാസപ്പടി; വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഇടപെടലിലൂടെ നടക്കുന്ന അന്വേഷണമേ സുതാര്യമാകൂവെന്നും അതുകൊണ്ടാണ് അത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. മാത്യുകുഴൽനാടൻ നേരത്തെ വ്യക്തമാക്കിയിരുന്നത് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു. ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കാൻ കോടതി ആവശ്യപ്പെട്ടതോടെയാണ് മാത്യുകുഴൽ നാടൻ നിലപാട് മാറിയിട്ടില്ലെന്ന് വ്യക്തമംാക്കിയത്.

കേസിൽ വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റിയിരിക്കുകയാണ്. മാത്യുവിന്റെ നിലപാട് മാറ്റം രാഷ്ട്രീയപ്രേരിതമാണെന്നാണ് വിജിലൻസ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഫെബ്രുവരി 29ന് ആണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഹർജി.