വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവ്; ഭാഗിക സ്റ്റേ വിധിച്ച് കോടതി

കൊച്ചി: ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് ഭാഗിക സ്‌റ്റേ വിധിച്ച് കേരള ഹൈക്കോടതി. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.

വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കർണാടക, കൽക്കട്ട ഹൈക്കോടതികൾ നേരത്തെ കേന്ദ്ര സർക്കാറിന്റെ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. അതേസമയം, നായകളുടെ വിൽപ്പനയ്ക്കും ഇറക്കുമതിയ്ക്കുമുള്ള നിരോധനം തുടരും. മാർച്ച് 12 നാണ് അപകടകാരികളെന്നു വിലയിരുത്തി ഇരുപത്തി മൂന്നിനം വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

പിറ്റ്ബുൾ, ടെറിയർ, റോട്ട് വീലർ അടക്കമുള്ളവയ്ക്ക് ആണ് നിരോധനം. ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിവെയ്ക്കുകയും ചെയ്തു.