തൊഴിൽ തട്ടിപ്പ്, കംബോഡിയയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 250 ഓളം പൗരൻമാരെ തിരികെ എത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കംബോഡിയ കേന്ദ്രീകരിച്ച് നടക്കുന്ന തൊഴിൽ തട്ടിപ്പിനെ കുറിച്ച് നിരവധി തവണ മന്ത്രാലയവും ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ച് വരാൻ തയ്യാറായ എല്ലാ ഇന്ത്യൻ പൗരന്മാരേയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മികച്ച തൊഴിലും ശമ്പളവും വാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിയ ഇന്ത്യക്കാരെ നിയമവിരുദ്ധമായ സൈബർ ജോലികൾ ചെയ്യാൻ നിർബന്ധിച്ചിരുന്നതായുള്ള പരാതി പുറത്ത് വന്നിരുന്നു. തട്ടിപ്പിനിരയായവർ സഹായം ആവശ്യപ്പെട്ട് കംബോഡിയയിലെ ഇന്ത്യൻ എംബസിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിൽ ഇടപെടാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

ആളുകൾ കംബോഡിയയിൽ കുടുങ്ങിയത് ഏജന്റുമാരുടെ വഞ്ചനയിൽ അകപ്പെട്ടാണെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകളെയാണ് ഇത്തരത്തിൽ കൂടുതൽ കംബോഡിയയിൽ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ജോലികൾക്ക് എന്ന വ്യാജേനയാണ് ഏജന്റുമാർ ഇവരെ കയറ്റി അയക്കുന്നത്.