കോഴിക്കോട് ജില്ലയിൽ ജപ്പാൻ ജ്വരം സ്ഥീരീകരിച്ചു; പതിമൂന്നുകാരന് രോഗബാധ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ജപ്പാൻ ജ്വരം സ്ഥീരീകരിച്ചു. പതിമൂന്നുകാരനായ വിദ്യാർഥിക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ വിദ്യാർഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്.

സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണിത്. അപൂർവമായി മാത്രമേ ഇവ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്സ് ഇനത്തിൽപ്പെട്ട കൊതുകാണ് രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജപ്പാൻ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ മനുലാൽ പ്രദേശം സന്ദർശിക്കുകയും ചെയ്തു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാർഗമെന്ന് അധികൃതർ പറയുന്നു.