കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു; കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതിലാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. 1970കളിൽ ശ്രീലങ്ക ദ്വീപ് സ്വന്തമാക്കിയതിനെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചായിരുന്നു മോദിയുടെ പരാമർശം.

കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞെട്ടിപ്പിക്കുന്നതും കണ്ണുതുറപ്പിക്കുന്നതുമായ ഒന്ന്. കച്ചത്തീവ് ദ്വീപ് കോൺഗ്രസ് എത്ര ലാഘവത്തോടെ ആണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകൾ തെളിയിക്കുന്നു. ഇത് എല്ലാ ഇന്ത്യക്കാരെയും കോപിഷ്ടരാക്കിയിരുന്നു. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് ജനങ്ങളുടെ മനസിൽ ഉറപ്പിക്കുന്നതായിരുന്നു ഈ സംഭവം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ദുർബലപ്പെടുത്തുകയെന്നത് 75 വർഷമായി തുടരുന്ന കോൺഗ്രസിന്റെ പ്രവർത്തനരീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു തീരുമാനമെന്നാണ് മോദി പങ്കുവച്ച ലേഖനത്തിൽ പറയുന്നത്.

കഴിഞ്ഞവർഷം പാർലമെന്റിലും മോദി 1974ൽ ഇന്ത്യൻ സർക്കാർ ശ്രീലങ്കയ്ക്ക് കച്ചത്തീവ് ദ്വീപ് വിട്ടുകൊടുത്തതായി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ മാതൃരാജ്യത്തെ ഈ ആളുകൾ മൂന്നായി വിഭജിച്ചു. തമിഴ്നാടിനും ശ്രീലങ്കയ്ക്കും നടുവിലുള്ള ദ്വീപാണ് കച്ചത്തീവ്. ചിലർ ഇതിനെ മറ്റൊരു രാജ്യത്തിന് നൽകി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും മോദി ലോക്സഭയിൽ ആരോപിച്ചിരുന്നു.