പറവൂർ: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം നേതാക്കളെല്ലാം ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ ഭയന്നാണ് കേരളത്തിലെ സിപിഎം നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നുമാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത്. ഇപ്പോൾ രാജ്യത്തുതന്നെ കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലൻ പറഞ്ഞിരിക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടർന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയൻ അനുയായികളെക്കൊണ്ട് ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പരാജയപ്പെട്ടാൽ പിന്നെ ആര് ജയിക്കുമെന്നാണ് ബാലൻ പറയുന്നത്. പത്തോ പതിനെട്ടോ സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം അല്ലല്ലോ ജയിക്കുന്നത്. ബിജെപി ജയിക്കുമെന്നാണ് സിപിഎം നേതാവ് പറയുന്നത്. സിപിഎം മത്സരിക്കുന്നത് പാർട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ കെ ബാലൻ പറയുന്നത്. കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎം വംശനാശം നേരിടുകയാണ്. ഇവർ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ സിപിഎം മത്സരിക്കുമ്പോൾ, വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സിപിഎം നേതാക്കൾ അധഃപതിച്ചു. ബംഗാളിൽ നാലും അഞ്ചും സ്ഥാനത്താണ് സിപിഎം സ്ഥാനാർഥികൾ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാർട്ടിയാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്. തങ്ങളുടെ പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സിപിഎം. മുഖ്യമന്ത്രി എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത്. മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് ഭൂമി പതിച്ച് കൊടുത്തത് എന്തിനാണ്. ഇതിനൊന്നും മറുപടിയില്ല. എന്നിട്ടാണ് ബിജെപിയുടെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

