ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മെഗാ പ്രതിഷേധത്തിന് തയ്യാറെടുത്ത് ആംആദ്മി പാർട്ടി. ഡൽഹിയിലാണ് മെഗാ പ്രതിഷേധ പ്രകടനം നടക്കുക. പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്നാണ് ആംആദ്മി പാർട്ടി കുറ്റപ്പെടുത്തുന്നത്.
ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാനാണ് തീരുമാനം. എല്ലാ പാർട്ടി എംഎൽഎമാരും ഉദ്യോഗസ്ഥരും ഇന്ത്യ മുന്നണി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് ഷഹീദി പാർക്കിലേക്കുള്ള റോഡിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ഗോപാൽ റായ് വ്യക്തമാക്കി. ജാർഖണ്ഡിലെ ഹേമന്ത് സോറനാകട്ടെ, ബിഹാറിലെ തേജസ്വി യാദവാകട്ടെ, എല്ലാവർക്കുമെതിരെ തെറ്റായ കേസുകൾ റജിസ്റ്റർ ചെയ്യുകയാണ്. അരവിന്ദ് കേജ്രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. എഎപി ആസ്ഥാനം കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയും രംഗത്തെത്തി. ഇതാണോ ജനാധിപത്യം. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയാണ് നിങ്ങൾ അറസ്റ്റുചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന പാർട്ടിയുടെ അക്കൗണ്ടുകൾ നിങ്ങൾ മരവിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അതിൽ നിന്ന് പിൻവാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

