താമരശ്ശേരി ചുരത്തിൽ വൻ തീപിടുത്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീപിടുത്തം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്ത് അടിക്കാടിനാണ് തീ പിടിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.

മുക്കത്ത് നിന്ന് അഗ്നിരക്ഷ സേന സംഭവ സ്ഥലത്തെത്തി. തീ അണയ്ക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേന ഊർജിതമാക്കി. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹൈവേ പോലീസിന്റെ വാഹനം കടന്ന് പോകുന്നതിനിടെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഹൈവേ പോലീസ് അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.