ബെംഗളൂരു: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദിവസമായിരുന്നു 2023 ഓഗസ്റ്റ് 23. ചന്ദ്രയാൻ 3 വിജയക്കൊടി നാട്ടിയ ദിനം. ചന്ദ്രയാൻ 3യുടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയ ദിവസമാണ്. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലം ‘ശിവ ശക്തി’ പോയിന്റെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശിവശക്തി പോയിന്റ് എന്ന നാമധേയം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ.
പേരിനെക്കുറിച്ച് വിശകലനം ചെയ്ത സംഘടനയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ 19നായിരുന്നു ശിവശക്തി പോയിന്റ് ഔദ്യോഗികമായി അംഗീകരിക്കാൻ തീരുമാനിച്ചത്. ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ചന്ദ്രയാൻ 3 പേടകത്തിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

