ന്യൂഡൽഹി: പൗരത്വം കൊടുക്കുന്നതിന് എതിരല്ലെന്നും പൗരത്വത്തിലെ മതാടിസ്ഥാന പക്ഷപാതത്തെയാണ് എതിർക്കുന്നതെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ ധൃതി കാണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൗരത്വ കേസുകൾ പിൻവലിക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം വൈകിപ്പോയി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം കേസുകൾ എങ്ങനെ പിൻവലിക്കാനാണ്. കേസുകൾ പിൻവലിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കാൻ കഴിയും. പൗരത്വ കേസുകൾ പിൻവലിക്കാൻ സർക്കാരിന് കഴിയുമായിരുന്നു എന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണ് എന്നായിരുന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചത്. വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ട് പോവുകയാണെന്നും അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സിഎഎ വിജ്ഞാപനത്തിന് സ്റ്റേ ആവശ്യപ്പെട്ട് മുസ്ലിം ംലീഗ് നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നേതാക്കൾ ഡൽഹിയിൽ എത്തിയിരിക്കുകയാണ്. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി വി അബ്ദുൽ വഹാബ് എംപി തുടങ്ങിയ നേതാക്കളാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.

