മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു. മുംബൈയിൽ വെച്ചാണ് യാത്ര അവസാനിച്ചത്. ശനിയാഴ്ച വൈകുന്നേരം ദാദറിലെ ഡോ ബി ആർ അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയിൽ രാത്രി എട്ടുമണിയോടെയാണ് യാത്രയ്ക്ക് സമാപനം കുറിച്ചത്. പ്രിയങ്കാ ഗാന്ധിയും ജാഥയിൽ പങ്കുചേർന്നു.
ധാരാവിയിലെ സ്വീകരണത്തിനുശേഷം പ്രിയങ്കാ ഗാന്ധി ജാഥയിൽ പങ്കെടുത്തത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും ജാഥക്കൊപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ചൈത്യഭൂമിയിലെത്തി പ്രണാമമർപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച മണിഭവനിൽ നിന്ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽഗാന്ധി ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തി. സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പദയാത്രയിൽ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. അതിനുശേഷം, ഓഗസ്റ്റ് ക്രാന്തി മൈതാനത്തിനടുത്തുള്ള തേജ്പാൽ ഹാളിൽ പങ്കെടുക്കുന്നവരുമായി രാഹുൽഗാന്ധി സംവദിക്കും.

