ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവിക സേന കപ്പൽ മോചിപ്പിച്ചത്. 35 കടൽക്കൊള്ളക്കാരാണ് നാവിക സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്.
ബൾഗേറിയ, മ്യാൻമർ, അംഗോള തുടങ്ങിയ സ്ഥലങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെയും പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്തിയെന്നാണ് നാവിക സേനാ വൃത്തങ്ങൾ അറിയിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടൽക്കൊള്ളക്കാർ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നാവിക സേനയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.

