സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുത്; കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്ന കത്തുമായി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. യാത്രക്കാർക്ക് ഉപകാരമപ്രദമാകുന്ന ചില നിർദ്ദേശങ്ങളടങ്ങിയ കത്താണ് അദ്ദേഹം ജീവനക്കാർക്കായി നൽകിയത്. ഒരാൾ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിർത്തണമെന്ന് അദ്ദേഹം കത്തിൽ ജീവനക്കാരോട് പറയുന്നു.

രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണം. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുത്. റോഡിലൂടെ ബസ് ഓടിക്കുമ്പോൾ മറ്റുചെറുവാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും,. ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്‌പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ഗതാഗത വകുപ്പുമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എല്ലാ ദിവസവും ഓരോ ഡിപ്പോയിലെയും നിശ്ചിത ബസ്സുകൾ ഓരോ പ്രത്യേക ബാച്ചിനെ ഉപയോഗിച്ച് സൂപ്പർ ചെക്കപ്പ് (Full Check up) ചെയ്ത് തകരാറുകൾ പരിഹരിച്ച് ബസുകൾ സർവീസിന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

ഇപ്രകാരം 5576 ബസ്സുകളിൽ 405 ബസ്സുകൾ പൂർണ്ണമായും സൂപ്പർ ചെക്ക് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ 15.04 2024 നുള്ളിൽ സമ്പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നിർദ്ദേശവും നൽകി കഴിഞ്ഞിട്ടുണ്ട്.