ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. സിഎഎക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹർജിയിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് കേരളം ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മാർച്ച് 19ന് സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ചട്ടത്തിനെതിരായ ഹർജികൾ പരിഗണിക്കും. കേരളത്തിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിച്ചേക്കും. മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രധാനഹർജിക്കാരെല്ലാം കേന്ദ്ര വിജ്ഞാപനത്തിനെതിരെ അപേക്ഷ നൽകിയിരുന്നു.

