ലോക്‌സഭാ തെരഞ്ഞെടുപ്പ്; 85 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്താം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായാധിക്യം മൂലം അവശനിലയിൽ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവർക്കുമെല്ലാം ഈ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കാനാണ് അധികൃതരുടെ തീരുമാനം.

ഇത്തവണ തെരഞ്ഞെടുപ്പിൽ പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.