കൊൽക്കത്ത: പരിക്കേറ്റ നിലയിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഡിസ്ചാർജ് ചെയ്തു. പരിക്കേറ്റ മമത ബാനർജിയ്ക്ക് നെറ്റിയിൽ മൂന്ന് സ്റ്റിച്ചും മൂക്കിൽ ഒരു സ്റ്റിച്ചുമാണുള്ളത്. ഇന്നലെ രാത്രി ഏഴരയോടെ മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേൽക്കാനിടയായ വീഴ്ച്ചയാണ് മമതയ്ക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ ‘പിറകിൽ നിന്നുള്ള തള്ളൽ’ ആകാമെന്ന വിലയിരുത്തൽ ചില അഭ്യൂഹങ്ങൾ പ്രചരിക്കാൻ ഇടയാക്കി. മമതയെ പരിശോധിച്ച ഗവ. എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായയുടെ വെളിപ്പെടുത്തലുകളാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം.
സി.ജി, സിടി സ്‌കാൻ തുടങ്ങിയ പരിശോധനക്ക് ശേഷം മമത ബാനർജിയോട് നിരീക്ഷണത്തിനായി അഡ്മിറ്റാകാൻ ഉപദേശിച്ചതായിരുന്നു. എന്നാൽ, മുഖ്യമന്ത്രി വീട്ടിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലാണെങ്കിലും മമത ബാനർജി കർശന നിരീക്ഷണത്തിൽ തുടരും. വെള്ളിയാഴ്ച ആരോഗ്യനില വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
മമത ബാനർജി ആശുപത്രിയിൽ എത്തുമ്പോഴും രക്തസ്രാവം ഉണ്ടായിരുന്നു. ഇത് പരിഹരിച്ച ശേഷം നെറ്റിയിലെ മുറിവിന് മൂന്ന് തുന്നലിട്ടു. മൂക്കിലെ മുറിവിന് ഒരു തുന്നലും വേണ്ടിവന്നു. സിടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ നടത്തിയ ശേഷം അഡ്മിറ്റാവാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും മമതയുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അബദ്ധത്തിലാണോ അതോ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിൽ മൂലമമാണോ വീഴ്ചയെന്ന് മനസ്സിലായിട്ടില്ലെന്നാണ് മറ്റൊരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
അതേസമയം, വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും മമത ദീദിയുടെ മികച്ച ആരോഗ്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

