ന്യൂഡൽഹി: ഓഹരി ഇടപാടുകൾക്കായി പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎൽ) അക്കൗണ്ട് ഉപയോഗിക്കുന്ന നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. മറ്റു ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാട് നടത്താനാവില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ട്രേഡിങ് ആവശ്യങ്ങൾക്കായി പിപിബിഎൽ അക്കൗണ്ട് മാത്രം ലിങ്കുചെയ്ത നിക്ഷേപകർ, ഉടനെ പുതിയ ബാങ്ക് അക്കൗണ്ട് കൂടി ചേർക്കേണ്ടി വരും. കഴിഞ്ഞ ജനുവരി 31 നാണ് പിപിബിഎൽ അക്കൗണ്ടുകളിലെ പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
2024 ജനുവരി 31, ഫെബ്രുവരി 23 തീയതികളിലെ വാർത്താ കുറിപ്പുകളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പിപിബിഎൽ അക്കൗണ്ടുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. നാളെ (മാർച്ച് 15) മുതലാണ് ആർബിഐയുടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിലൂടെ നടത്തുന്ന നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ എന്നിവയ്ക്കെല്ലാം ഇനി നിയന്ത്രണമുണ്ടാകും. പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് എന്നിവയ്ക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.

